Site icon Fourteen Kerala – 14 Kerala News

കെഎസ്എഫ്ഇ വായ്പാതട്ടിപ്പ്: കർശന നടപടിക്കു കലക്ടറുടെ നിർദേശം

കോഴിക്കോട്: വില്ലേജ് ഓഫിസർമാരുടെ ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. തഹസിൽദാർമാർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മാസം 6ന് ജില്ലാ പൊലീസ് മേധാവിക്കു കത്തു നൽകിയതായി കലക്ടർ അറിയിച്ചു. കൈവശാവകാശ സർട്ടിഫിക്കറ്റുകളും ലൊക്കേഷൻ സ്കെച്ചും തയാറാക്കി ഒപ്പും സീലും വ്യാജമായി പതിപ്പിച്ച് കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതായി കണ്ടെത്തിയിരുന്നു.

ഇതു സംബന്ധിച്ചു ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫിസർമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വായ്പയ്ക്കായി സമർപ്പിച്ച രേഖകളിൽ കെഎസ്എഫ്ഇ മാനേജർമാർക്ക് സംശയം തോന്നിയതോടെയാണ് ആധികാരികത പരിശോധിക്കാൻ വില്ലേജ് ഓഫിസർമാർക്ക് അയച്ചു നൽകിയത്. വില്ലേജ് ഓഫിസർമാരുടെ വിശദമായ പരിശോധനയിൽ, ഇവ വ്യാജമായി നിർമിച്ചതാണെന്നു കണ്ടെത്തുകയായിരുന്നു. വിദൂര പ്രദേശങ്ങളിലെ കുന്നിൻമുകളിലും മറ്റും വിലക്കുറവുള്ള സ്ഥലങ്ങളിലെ ഭൂമി, റോഡരികിലെ ഉയർന്ന വിലയുള്ള ഭൂമിയാണെന്നു കാണിക്കുന്ന ലൊക്കേഷൻ സ്കെച്ചും കൈവശാവകാശ രേഖയും വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്.

കെഎസ്എഫ്ഇയുടെ കോഴിക്കോട് കല്ലായി റോഡ് ശാഖയിലാണ് ബാലുശ്ശേരി, നന്മണ്ട വില്ലേജ് ഓഫിസുകളുടെ പേരിലുള്ള വ്യാജരേഖ ആദ്യം കണ്ടെത്തിയത്. പിന്നാലെ ഈങ്ങാപ്പുഴയിലും മറ്റു ചില ശാഖകളിലും സമാനമായ തട്ടിപ്പ് കണ്ടെത്തി. കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫിസുകളുടെ പേരിലുള്ള വ്യാജരേഖയാണ് ഈങ്ങാപ്പുഴ ശാഖയിൽ കണ്ടെത്തിയത്. വില്ലേജ് ഓഫിസർമാർ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നു പരാതിയുണ്ട്.

Exit mobile version