Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പൊലീസ്; സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ്. കാര്‍ണിവലിന്റെ ഭാഗമായി സ്റ്റാളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസ് പല തവണ ലാത്തി വീശിയാണ് ആളുകളെ ഓടിച്ചത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റിരുന്നു.

കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. പോലീസിനെ ആക്രമിച്ചതിനു കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടി നടത്തിയത്.

Exit mobile version