Site icon Fourteen Kerala – 14 Kerala News

വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന രണ്ടുപേർ എം.ഡി.എം.എയുമായി പിടിയിൽ

അരീക്കോട്: മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴിശ്ശേരി സ്വദേശി കളത്തിങ്ങൽ അനൂപ് (27), കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരെയാണ് അരീക്കോട് പൊലീസും ജില്ല ഡി.എ.എൻ.എസ്.എ.എഫ് ടീമും അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ഇവരിൽനിന്ന് 31 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ബസിൽ കോഴിക്കോട്ടെത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപനക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് ഒരുകേസും അനൂപിന് കൊണ്ടോട്ടിയിൽ ഒരുകേസും നിലവിലുണ്ട്. ഇവർ ഉൾപ്പെട്ട ലഹരികടത്ത് സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version