Site icon Fourteen Kerala – 14 Kerala News

നൂറുചിത്രങ്ങൾ, നൂറുനൂറ് നന്മകൾ; വനിതകളുടെ ചിത്രപ്രദർശനം തുടങ്ങി


കോഴിക്കോട്
 : പ്രതീക്ഷിച്ചത് 101 പേരുടെ ചിത്രങ്ങൾ, എന്നാൽ പ്രദർശനത്തിന്റെ നന്മ കണ്ടറിഞ്ഞ് എത്തിയത് 121 ചിത്രകാരികൾ. കോഴിക്കോട്ടെ വീട്ടമ്മമാരുടെ കൂട്ടായ്മയായ ‘സ്നേഹവർണങ്ങളാ’ണ് നന്മയുടെ നിറങ്ങൾചാലിച്ച് ചിത്രപ്രദർശനമൊരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ വിറ്റുകിട്ടുന്ന വരുമാനത്തിൽനിന്ന് കാൻസർ രോഗികളായ കുട്ടികളുടെ പഠനത്തിന് സ്കോളർഷിപ്പ് നൽകുക എന്ന ലക്ഷ്യവുമായാണ് പ്രദർശനം.

2013-ലാണ് കോഴിക്കോട് നഗരത്തിലെ 10 വീട്ടമ്മമാർ ചേർന്ന് ‘കലയിലൂടെ കരുതൽ’ എന്ന ആശയവുമായി ആദ്യ ചിത്രപ്രദർശനമൊരുക്കിയത്. പ്രദർശനത്തിന് നല്ല സ്വീകരണം ലഭിച്ചു. ഇതോടെ അടുത്ത വർഷങ്ങളിലും പ്രദർശനവുമായെത്തി. കലാസൃഷ്ടികൾ വിറ്റുകിട്ടിയ പണംകൊണ്ട് ബുദ്ധിമുട്ടനഭവിക്കുന്ന ഒട്ടേറെ കുട്ടികൾക്ക് താങ്ങായി.

അങ്ങനെയാണ് 2019-ൽ 101 ചിത്രകാരികളെ പങ്കെടുപ്പിച്ച് ചിത്രപ്രദർശനം നടത്താനുള്ള ആശയമുദിക്കുന്നത്. അന്ന് 101 പേരെ കണ്ടെത്താൻ കുറച്ച് പാടുപെടേണ്ടിവന്നു ഇവർക്ക്. പിന്നെ രണ്ടുവർഷം കോവിഡ് കാരണം പ്രദർശനം മുടങ്ങിപ്പോയി. എന്നാൽ ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കാനായി വിവിധയിടങ്ങളിൽനിന്ന് ചിത്രകാരികൾ തേടിയെത്തുകയായിരുന്നു.

Exit mobile version