Site icon Fourteen Kerala – 14 Kerala News

കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് സിപിഎം മേയർ സംഘപരിവാർ പരിപാടിയിൽ, വിവാദം

കോഴിക്കോട് : സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമർശം വിവാദത്തിൽ. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമർശമാണ് വിവാദത്തിലായത്. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സിപിഎം മേയറുടെ പരാമർശം. 

‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം’. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ആർഎസ്എസ് ശോഭായാത്രകൾ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകൾ വരെ നടത്തി പ്രതിരോധം തീർക്കുമ്പോഴാണ് സിപിഎം മേയർ സംഘപരിവാർ ചടങ്ങിൽ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശവും വിവാദത്തിലായത്. 

അതിനിടെ, ബീനാ ഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി. സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ്. കോഴിക്കോട്ടുണ്ടായതെന്നും സിപിഎം മേയർ മോദി യോഗി ഭക്തയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു. 

Exit mobile version