Site icon Fourteen Kerala – 14 Kerala News

കരിപ്പൂരിൽ യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കിയെന്ന് പരാതി; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന പരാതിയിലാണ് കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ സബിത, ഹവീല്‍ദാര്‍ സനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.  

കഴിഞ്ഞ മാസം 27 ന് വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കൽ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താൻ കടത്തി കൊണ്ടുവന്ന കാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസഥര്‍ കൈക്കലാക്കിയെന്നായിരുന്നു ഷിഹാബ് പൊലീസിന് നൽകിയ മൊഴി.

ഷിഹാബിന്റെ മൊഴി പൊലീസ് സംഘം കസ്റ്റംസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിഹാബിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.  കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിഹാബ് വിമാനത്താവളത്തിൽ ലാന്റ് ചെയ്ത സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം.

Exit mobile version