Site icon Fourteen Kerala – 14 Kerala News

തലചായ്ക്കാൻ ഇടമില്ലാത്തവർക്കു വീടൊരുക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി ഗൃഹനാഥൻ

ബാലുശ്ശേരി: തലചായ്ക്കാൻ ഇടമില്ലാത്തവർക്കു വീടൊരുക്കാൻ സ്വന്തം സ്ഥലം വിട്ടുനൽകി ഗൃഹനാഥൻ. പനങ്ങാട് പഞ്ചായത്ത് പതിന‍ഞ്ചാം വാർഡിലെ കെ.ടി.മനോജാണ് സ്വന്തമായി അധ്വാനിച്ചു വാങ്ങിയ സ്ഥലത്തിൽ നിന്ന് 12 സെന്റ് ഭവനരഹിതർക്കായി വിട്ടുനൽകിയത്. ഇതോടെ 3 പേർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകും. തൃശൂരിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മനോജ് ഹൃദയപൂർവം നമ്മുടെ 15 എന്ന വാർഡ്തല പദ്ധതിയുടെ ഭാഗമായാണു സ്ഥലം വിട്ടുനൽകിയത്. സ്പോൺസറെ കണ്ടെത്തിയോ ലൈഫ് ഭവന പദ്ധതി മുഖേനയോ വീട് നിർമിച്ചു നൽകാനാണു ശ്രമം. 

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായി ചേർന്ന ഗ്രാമസഭയിൽ വച്ച് മനോജിന്റെ മകൾ ലിനു സ്ഥലം വിട്ടു കൊടുക്കുന്ന സമ്മതപത്രം കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഢിക്കു കൈമാറി. അടുത്തയാഴ്ച റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആർ.സി.സിജു, കെ.വി.ആലി, കെ.കെ.പത്മനാഭൻ, വി.എം.പത്മനാഭൻ, വി.വി.ബാലൻ നായർ, രജിത എന്നിവർ പ്രസംഗിച്ചു.

Exit mobile version