Site icon Fourteen Kerala – 14 Kerala News

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏതു പോസ്റ്റിലേക്കും സർക്കാരിന് നിയമിക്കാം. പക്ഷെ ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കൊലപാതകക്കേസിൽ ആരോപണ വിധേയനാണെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകളക്റ്ററാക്കിയതിൽ പ്രതിഷേധിച്ച് കെ.യു.ഡ.ബ്ല്യുജെ-കെ.എൻ.ഇ.എഫ് നേതൃത്വത്തിൽ കോഴിക്കോട്  നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഒരു മാധ്യമപ്രവർത്തകനെ പാതിരാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. പൊതു സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. നാട്ടിലെന്തൊക്കെ നടന്നാലും തങ്ങളിങ്ങനെയൊക്കയേ ചെയ്യൂ എന്ന സർക്കാർ മനോഭാവം ഭരണകൂട ധാർഷ്ട്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പൊതുസമൂഹത്തിന്റെ മുഖത്താണ് ഇത്തരമൊരു നടപടിയിലൂടെ സർക്കാർ കരിവാരിതേച്ചിരിക്കുന്നത്. യു.ഡി.എഫും മുസ്ലീം ലീഗും ഇത്തരമൊരു നിയമനത്തെ ഒരുതരത്തിലും അനുവദിക്കില്ല. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ,സെക്രട്ടറി പി.എസ്. രാകേഷ്,  കെ.യു.ഡബ്യു.ജെ. മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കെ.എൻ. ഇ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് സി. രതീഷ് കുമാർ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഫിറോസ്, ജില്ലാ ട്രഷറർ പി.വി. നജീബ് എന്നിവർ സംസാരിച്ചു.

Exit mobile version