Site icon Fourteen Kerala – 14 Kerala News

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മുങ്ങിയ പ്രതി പിടിയിൽ

ബാലുശ്ശേരി: രണ്ടുവർഷം മുമ്പ് എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി നാട്ടിൽ നിന്നും മുങ്ങിയ പ്രതി പിടിയിൽ. നന്മണ്ട സ്വദേശി തളിയച്ച പറമ്പിൽ ഷിഞ്ചുവിനെ ബാലുശ്ശേരി എസ്.ഐ രാധാകൃഷ്ണൻ എയും സംഘവും ചേർന്ന് ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തു വച്ചു പിടികൂടിയത്.

എയർപോർട്ടിലേക്ക് സ്റ്റാഫ് ആയി നിയമനം നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 20 ലക്ഷം രൂപയോളം വാങ്ങിയശേഷം ജോലി നൽകാതെ മുങ്ങുകയായിരുന്നു.

നിരന്തരമായി താമസ സ്ഥലം മാറ്റികൊണ്ടിരുന്ന ഇയാളെ കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ കൂടെ സഹായത്തോടെ ഒരു ദിവസം നീണ്ട ശ്രമകരമായ പിന്തുടരലിന്റെ ഫലമായി ഇന്നലെ രാത്രി എട്ടുമണിക്ക് തിരുവനന്തപുരം കുളത്തൂർ പഞ്ചായത്തിൽപ്പെട്ട മൊൺവിള എന്ന സ്ഥലത്തു വെച്ചാണ് പിടികൂടിയത്. എറണാകുളം, തിരുവനന്തപുരം, തൊടുപുഴ, എന്നിവിടങ്ങളിൽ പല സ്ഥലങ്ങളിലായി പല വിലാസത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.

ഇയാൾ സമാനമായ ഇത്തരം കുറ്റകൃത്യങ്ങൾ കേരളത്തിലെ പലഭാഗങ്ങളിലും നടത്തിയതായും ഇയാളുടെ പേരിൽ തൊടുപുഴ എറണാകുളം എന്നിവിടങ്ങളിൽ പരാതി നിലവിൽ ഉള്ളതായും പൊലീസ് അറിയിച്ചു.

പ്രതിയെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒ ബിജീഷ് എന്നിവരും ഉണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്നും ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തിച്ച ശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Exit mobile version