Site icon Fourteen Kerala – 14 Kerala News

കണ്ണിൽ മുളകുപൊടിയെറിഞ്ഞ് അരക്കോടിയുടെ കുഴൽപ്പണം കവർന്ന കേസിലെ പ്രതി കീഴടങ്ങി

മലപ്പുറം: രണ്ട് മാസങ്ങൾക്ക് മുമ്പ് കുഴൽപ്പണം കവർച്ച നടത്തിയ കേസിലെ പ്രതി ഒടുവിൽ കോടതിയിൽ കീഴടങ്ങി. കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29) ആണ് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ മെയ് മാസം 18 ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മഞ്ചേരി വീമ്പൂർ വഴി കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞാണ് പ്രതി 50 ലക്ഷം തട്ടിയത്. ഇയാൾ ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.

നേരത്തെ കേസിലെ കൂട്ട് പ്രതിയെ ദില്ലിയില്‍ വെച്ച് മഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴല്‍പ്പണം ആയതിനാല്‍ പരാതി ഇല്ലാത്തതിനാല്‍ പ്രതി മുന്‍പ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പൊലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.

Exit mobile version