Site icon Fourteen Kerala – 14 Kerala News

നിപാ പ്രതിരോധം- സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴു ദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി, നിപ സ്‌പെഷല്‍ ഓഫീസര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version