Site icon Fourteen Kerala – 14 Kerala News

പുഴകളിൽ ജല നിരപ്പ് ഉയർന്നു, കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം; ക്യാംപുകൾ തുറന്നു 

കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ പരക്കെ നാശം. ജില്ലയിലെ പുഴകളിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവമ്പാടി മേഖലയിൽ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ചെറുപുഴ കരകവിഞ്ഞ് ഒട്ടേറെ കുടുംബങ്ങൾ ഭീഷണിയിലാണ്. പലയിടങ്ങളിലും റോഡുകൾ തകർന്നു. മാവൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി. വ്യാപകമായി കൃഷി നശിച്ചു.

വിവിധ ഇടങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ക്യാംപുകൾ തുറന്നു.  ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ 25 വില്ലേജുകളിലായി 42 വീടുകൾ ഭാഗികമായി തകർന്നു. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. മാവൂർ വില്ലേജിൽ ഒരു ക്യാംപ് പ്രവർത്തനമാരംഭിച്ചു. കച്ചേരികുന്ന് അങ്കണവാടി ക്യാംപിലേക്ക് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. രണ്ടിടത്ത് കിണർ താഴ്ന്നു. 

ഏറാമല വില്ലേജിൽ കാർത്തികപ്പള്ളി ദേശത്ത് മന്ദം കണ്ടിയിൽ കുഞ്ഞമ്മദിന്റെ വീടിനോട് ചേർന്നുള്ള കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. തൂണേരി വില്ലേജിൽ ചാലപ്പുറം ദേശത്ത് ചേലേരി കോമത്ത് കുഞ്ഞാലിയുടെ കിണർ താഴ്ന്ന് അപകടം സംഭവിച്ചു.നരിപ്പറ്റ വില്ലേജിലെ കൂമുള്ളതിൽ ഇബ്രായിയുടെ വീടിന്റെ ഒരു ഭാഗം തകർന്നു വീണു. വാണിമേൽ വില്ലേജിൽ ശക്തമായ കാറ്റിൽ പുറയങ്കോട് റഫീഖ്, പുതുക്കുടി ലക്ഷം വീട് റഫീഖ്, പള്ളിക്കളത്തിൽ അമ്മത് എന്നിവരുടെ വീടിനു മുകളിൽ മരം വീണ് ഭാഗിക നഷ്ടം സംഭവിച്ചു.

മണിയൂർ വില്ലേജിൽ എടത്തുംകര  മലയിൽ കേളപ്പന്റെ വീടിനു മുകളിൽ തേക്ക് മരം വീണു. വാണിമേൽ വില്ലേജിലെ വെള്ളിയോട് ദേശത്ത് പുതുക്കുടി  ലക്ഷം വീട് കോളനിയിലെ പുതുക്കുടി ചന്ദ്രിയുടെ വീടിനു മുകളിലും തെങ്ങ് വീണു.14ാം വാർഡിൽ തൊണ്ട്യാ പാറയിൽ ദാമോദരന്റെ വീടിന് മുകളിൽ മരം വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. മരം  വീണതിനെ തുടർന്ന് വീടിന്റെ കല്ല് അടർന്നു വീണ് ദാമോദരന്റെ മകൾ ഷിലിമ (13വയസ്ല്) യുടെ കാലിന് പരുക്ക് പറ്റി.

കട്ടിപ്പാറ വില്ലേജിൽ കരിഞ്ചോലമുക്കിൽ നഫീസയുടെ വീടിനുമുകളിൽ റബർ മരം വീണു. ആളപായമില്ല. കായണ്ണ പനച്ചിങ്ങാതറമ്മൽ മട്ടനോട് പാർവ്വതി അമ്മയുടെ വീടിനുമുകളിൽ മരം വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചു. പീടികക്കണ്ടി പാലേരി റസാഖിന്റെ വീടിനു മുകളിലും മരം വീണു ഭാ​ഗികമായി തകർന്നു. കൂടരഞ്ഞി പുഷ്പഗിരിയിൽ വീടിനു മുകളിലേക്കു മരം വീണു നാശമുണ്ടായി. മൂഴിക്കൽ പാറയിൽ പൊറ്റയിൽ 8 വീടുകളിൽ വെള്ളം കയറി. 2 കുടുംബങ്ങളിലുള്ള 7 പേരെ മാറ്റിപ്പാർപ്പിച്ചു. 

Exit mobile version