Site icon Fourteen Kerala – 14 Kerala News

പിന്നെയും പെട്ടു, കെ സ്വിഫ്റ്റ്; തുടർച്ചയായ രണ്ടാംദിവസവും തൂണിൽ കുരുങ്ങി

കോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിൽ തുടർച്ചയായ രണ്ടാംദിവസവും കെ സ്വിഫ്റ്റ് ബസ് തൂണിൽ കുരുങ്ങി. രാവിലെ എട്ടരയോടെയാണ് സ്വിഫ്റ്റ് ബസ് തൂണിലുരഞ്ഞ് വശത്തെ ചില്ലു തകർന്നത്. തലേന്നു പതിനഞ്ചുമണിക്കൂറോളം കുടുങ്ങിയ കെ–സ്വിഫ്റ്റ് ബസ് പുറത്തെടുത്ത് 24 മണിക്കൂർ തികയും മുൻ‍പാണു രണ്ടാമത്തെ സംഭവം. ബെംഗളൂരു സർവീസിനായി കൊണ്ടുവന്ന ബസ് പുറത്തേക്കെടുക്കുമ്പോൾ തൂണിലുരയുകയായിരുന്നു.

ഉടൻ തന്നെ ബസ് നടക്കാവിലെ മേഖലാ വർക്‌ഷോപ്പിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം തൊട്ടടുത്ത ട്രാക്കിലാണു മറ്റൊരു ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. തൂണിലെ ലോഹബെൽറ്റുകൾ അറുത്തുമാറ്റിയ ശേഷം തൊഴിലാളികൾ വശങ്ങളിൽ തള്ളിപ്പിടിച്ചാണ് ബസ് പുറത്തെത്തിച്ചത്. അശാസ്ത്രീയമായി നിർമിച്ച ടെർമിനൽ കോംപ്ലക്സിലെ തൂണുകൾക്കിടയിൽ ബസ് പാർക്ക് ചെയ്യാൻ വിദഗ്ധ ഡ്രൈവർ‌മാർ‌ക്കേ കഴിയൂ. കെഎസ്ആർടിസിയിലെ പരമ്പരാഗത ഡ്രൈവർമാർ പരിചയസമ്പന്നരായതിനാൽ കാര്യമായ പ്രശ്നമുണ്ടാകാറില്ല. സാധാരണ ബസുകൾ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവർ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികൾ ഓടിക്കാറുള്ളത്.

എന്നാൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റിലെ ഡീലക്സ് വാഹനങ്ങൾ ഓടിക്കാൻ പരിചയസമ്പന്നരല്ലാത്ത താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നതാണു പ്രശ്നമെന്നു ജീവനക്കാരും പറയുന്നു. കെഎസ്ആർടിസിയുടെ എസി സ്കാനിയ, വോൾ‍വോ ബസുകളും കർണാടക ആർടിസിയുടെ ഐരാവത് അടക്കമുള്ള ബസുകളും ഇതുവരെ തൂണുകൾക്കിടയിൽ കുരുങ്ങുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.

Exit mobile version