Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍

താമരശ്ശേരി: താമരശ്ശേരിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ജംനാസ് (23) മരിച്ച സംഭവത്തില്‍ ദുരൂഹയുണ്ടെന്ന് ബന്ധുക്കള്‍. അപകടത്തില്‍ പരുക്കേറ്റതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നുവെന്നും ബൈക്കില്‍ പോകുമ്പോള്‍ തലക്കടിച്ച് വീഴ്തിയതാവാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ലഹരി മാഫിയാ സംഘത്തിന്റെയും കൊട്ടേഷന്‍ സംഘത്തിന്റെയും പങ്ക് സംശയിക്കുന്നതായും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ പെരുന്നാല്‍ ദിനമായ മെയ് മൂന്നിന് രാവിലെയാണ് താമരശ്ശേരി കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മല്‍ മുഹമ്മദിന്റെ മകന്‍ ജംനാസ് എന്ന ഫൈറൂസിന് ബൈക്കപകടത്തില്‍ പരുക്കേറ്റതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

രാവിലെ ആറു മണിയോടെ ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ജംനാസ് മൈക്കാവ് ഈരൂട് ഭാഗത്തേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ അപകടം സംഭവിച്ചതായി വീട്ടിലേക്ക് ഫോണ്‍ വന്നു. ഉടനെ ബന്ധുക്കള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തുകയും ആമ്പുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

ബൈക്ക് അപകടത്തില്‍ പരുക്കേറ്റതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലക്ക് പിന്നില്‍ ആഴത്തില്‍ ക്ഷതമേറ്റിട്ടുണ്ട്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാല്‍ തലയുടെ മുന്‍ ഭാഗത്തോ നെറ്റിയിലോ പരുക്കേല്‍ക്കുമെന്നും മറിഞ്ഞ് വീണാല്‍ വലതു ഭാഗത്തോ ഇടതു ഭാഗത്തോ പരുക്കുണ്ടാവുമെന്നും ബന്ധുക്കള്‍ പറയുന്നു.

ചികിത്സയിലിരിക്കെ ഡോക്ടറോടും ഇക്കാര്യം സൂചിപ്പിച്ചതായി ജംനാസിന്റെ പിതൃ സഹോദരന്‍ ഹമീദ് പറഞ്ഞു. വധ ഭീഷണി സന്ദേസങ്ങള്‍ ജംനാസിന്റെ സഹോദരന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും അപകട മരണമല്ലെന്ന് ഉറപ്പാണെന്നും ബന്ധുക്കള്‍ പറയുന്നു. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ തിരൂര്‍ സ്വദേശിനിയെ പ്രദേശവാസിയായ യുവാവ് കൂട്ടിക്കൊണ്ടുവന്ന് മുറിയെടുത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന് ജംനാസ് ഉള്‍പ്പെടെയുള്ളവര്‍ സഹായിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കൊട്ടേഷന്‍ സംഘം ജംനാസിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ചോദ്യം ചെയ്തിരുന്നു.

അപകടം മണത്തപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതേ സംഘം ജംനാസിനെ അപായപ്പെടുത്തിയതാവാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. തന്റെ ബൈക്കിന്റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ജംനാസിന്റെ മൊബൈല്‍ ഫോണ്‍ ഒരാള്‍ കൈക്കലാക്കിയിരുന്നുവെന്നും അഞ്ച് ദിവസം കഴിഞ്ഞ് ഫോണിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്താണ് തിരിച്ച് തന്നതെന്നും പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താമരശ്ശേരി ഡി വൈ എസ് പി ക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.

Exit mobile version