Site icon Fourteen Kerala – 14 Kerala News

എളമരം കടവ് പാലം നാടിനു സമർപ്പിച്ചു

മാവൂർ : എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ച് അനാവശ്യവിവാദം എന്തിനാണെന്നും സംസ്ഥാനത്ത് സർക്കാർ നടപ്പാക്കുന്നത് എല്ലാവരെയും സംയോജിപ്പിച്ചുള്ള വികസനമാണെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

എളമരം കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (സി.ആർ.ഐ.എഫ്.) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആർ.ഐ.എഫിൽ ഏതെല്ലാം പദ്ധതികൾക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്. 
2016 -ൽ ഒന്നാം പിണറായി സർക്കാർ വന്നശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്.

ഇതിൽ 104 പദ്ധതികൾ പൂർത്തീകരിക്കുകയും 2143.54 കോടി സംസ്ഥാനസർക്കാർ മുൻകൂട്ടി ചെലവഴിക്കുകയും ചെയ്തു. ഇതിൽ 1343.83 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അവകാശപ്പെട്ട 599.71 കോടി തരാനുണ്ട്. പാലത്തിന്റെ ഉദ്ഘാടനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു.

എം.പി.മാരായ എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം, പി.ടി.എ. റഹിം എം.എൽ.എ., കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി,
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വാഴക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ, മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, സുധ കമ്പളത്ത്, ദേശീയപാതാവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ (മലപ്പുറം) കെ. അബ്ദുൾ അസീസ്, ദേശീയപാത കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനിയർ ജി.എസ്. ദിലീപ് ലാൽ എന്നിവർ സംസാരിച്ചു.

ചാലിയാറിനുകുറുകെ നിർമിച്ച പാലത്തിന് 350 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമാണുള്ളത്. 35 മീറ്റർ വീതിയിലുള്ള 10 സ്പാനുകളാണ് പാലത്തിലുള്ളത്. പ്രളയസാധ്യത മുന്നിൽക്കണ്ട് വിദഗ്ധസംഘത്തിന്റെ നിർദേശാനുസരണം ഒരുമീറ്റർ ഉയരംകൂട്ടി പാലത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾവരുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്. പി.ടി.എസ്. ഹൈടൈക് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ. ബിൽഡേഴ്സും ചേർന്നാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

Exit mobile version