Site icon Fourteen Kerala – 14 Kerala News

വിലക്കയറ്റം; കിതച്ച് തളർന്ന് ജനം: സർക്കാർ ഇടപെടൽ വൈകുന്നു

കോഴിക്കോട്: പെട്രോൾ വിലയെ തോൽപിച്ചു തക്കാളിവില മുന്നേറുന്നു; സാധാരണക്കാരന്റെ നടുവൊടിച്ചു വിലക്കയറ്റം. സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ സർക്കാരും എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പച്ചക്കറിക്ക് പല വിലയാണ്. നരിക്കുനി മേഖലയിൽ തക്കാളി കിലോയ്ക്ക് 100 രൂപയാണ് വില. വടകര മേഖലയിൽ ഇത് 90 രൂപ.ജില്ലയിലെ കടകളിൽ മുൻപ് വന്ന സ്റ്റോക്കിന്റെ വിലയനുസരിച്ച് വിവിധയിനം അരികൾ 35 രൂപ, 38 രൂപ, 40 രൂപ തുടങ്ങിയ നിരക്കിലാണ് വിൽക്കുന്നത്. പുതുതായി ചാക്കുകൾ വരുമ്പോൾ ഏറ്റവും കുറഞ്ഞത് അഞ്ചു രൂപയുടെ വ്യത്യാസമെങ്കിലും ഉണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഇതുപ്രകാരം 40 രൂപ, 43 രൂപ, 45 രൂപ എന്നിങ്ങനെയാണ് വില. 

നരിക്കുനി മേഖലയിൽ ‍ നാടൻ നേന്ത്രക്കായ കിലോയ്ക്ക് ശരാശരി 60 രൂപയ്ക്ക് വിൽക്കുമ്പോൾ സാധാരണ നേന്ത്രക്കായയ്ക്ക് ശരാശരി 50 രൂപയാണ് വില. വടകര മേഖലയിൽ ബീൻസ്, മുരിങ്ങ, പയർ തുടങ്ങിയവയ്ക്കാണ്  വില കൂടുതൽ. ബീൻസിന് 140 രൂപയാണ് നിരക്ക്. മുരിങ്ങ 120 രൂപയ്ക്കും പയർ 100 രൂപയ്ക്കുമാണ് വിൽക്കുന്നത്. കോഴിമുട്ട 5.50 രൂപയ്ക്കാണു വിൽക്കുന്നത്. കൈപ്പയ്ക്ക ശരാശരി 80 രൂപ നിരക്കിലും  വെണ്ട ശരാശരി 60 രൂപ നിരക്കിലുമാണ് വിൽക്കുന്നത്. 

തക്കാളിയടക്കമുള്ള പച്ചക്കറികൾ കർഷകരിൽനിന്നു നേരിട്ട് സംഭരിക്കാൻ ഫണ്ട് ലഭിക്കാത്തതാണ് കൃഷി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളി. മുൻകാലങ്ങളിൽ സവാള വില കുതിച്ചുയർന്നപ്പോൾ സർക്കാർ സവാള കർഷകരിൽനിന്ന് ശേഖരിക്കുകയും വില നിയന്ത്രിക്കുകയുമാണ് ചെയ്തിരുന്നത്. 

ആന്ധ്രയിൽനിന്നുള്ള അരി വരവ് കുറഞ്ഞതോടെയാണ് സംസ്ഥാനമൊട്ടാകെ അരിവില കുതിച്ചുകയറാൻ തുടങ്ങിയത്. എന്നാൽ അരിവില കുതിച്ചുയരുമ്പോഴും സപ്ലൈകോ വഴി 25 രൂപ നിരക്കിൽ അഞ്ചുകിലോ അരിയാണ് ഇപ്പോഴും നൽകുന്നത്. മുളക് അടക്കമുള്ള പല നിത്യോപയോഗ സാധനങ്ങളും പല ഷോറൂമുകളിലും ലഭ്യവുമല്ല. 

Exit mobile version