Site icon Fourteen Kerala – 14 Kerala News

യുദ്ധസമാനം കല്ലായിപ്പുഴയോരം; എസ്ടിപി പ്ലാന്റിനെച്ചൊല്ലി പ്രതിഷേധം, സംഘർഷം

കോഴിക്കോട് : അതിരാവിലെ മുതൽ കല്ലായിപ്പുഴയോരം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്. ജനവാസ മേഖലയിൽ ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപറേഷന്റെ നീക്കങ്ങൾക്കൊടുവിലാണ് ഇന്നലെ കോതി പള്ളിക്കണ്ടിയിലും സംഘർഷമുണ്ടായത്. അതിരാവിലെ ഉദ്യോഗസ്ഥരെത്തി സ്ഥലം ഷീറ്റിട്ടു കെട്ടിമറയ്ക്കാൻ നീക്കം നടത്തിയതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്.

പുഴയോരത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ സ്ഥലത്ത് 4 വാർഡുകളിൽനിന്ന് ശുചിമുറി മാലിന്യമെത്തിച്ച് ശുചീകരിച്ച് വെള്ളം കല്ലായിപ്പുഴയിലേക്ക് വിടാനാണ് കോർപറേഷൻ എസ്ടിപി പ്ലാന്റ് സ്ഥാപിക്കുന്നത്. അമൃത് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 2 പ്ലാന്റുകൾ സ്ഥാപിക്കാനാണ് നീക്കം നടക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് കോതി പള്ളിക്കണ്ടി.

ഇവിടെ വിവിധ വാർഡുകളിൽനിന്നുള്ള ശുചിമുറി മാലിന്യം കൊണ്ടുവന്ന് സംസ്കരിച്ച് വെള്ളം കല്ലായിപ്പുഴയിലേക്ക് തുറന്നുവിടുന്നത് പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ജനകീയ പ്രതിരോധ സമിതിയും കല്ലായിപ്പുഴ സംരക്ഷണ സമിതിയും ആരോപിച്ചിരുന്നു. ഇവർ ഹൈക്കോടതിയെ സമീപിച്ചു. പ്രദേശത്ത് തൽസ്ഥിതി തുടരാനാണ് ഹൈക്കോടതി വിധിച്ചത്. ഇവിടെ പ്ലാന്റിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്താനും കോടതി നിർദേശിച്ചിരുന്നു. മേയ് 18ന് ആണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.

Exit mobile version