Site icon Fourteen Kerala – 14 Kerala News

വഴികാണിക്കാനെത്തി കാഴ്ചപരിമിതി ഉള്ള അത്തർ വിൽപനക്കാരനെ കബളിപ്പിച്ച് മോഷണം: പ്രതിയെക്കുറിച്ചു സൂചന

കോഴിക്കോട് : മിഠായിത്തെരുവിൽ അത്തർ വിൽപനക്കാരനെ കബളിപ്പിച്ചു പണവും മൊബൈൽ ഫോണും കവർന്ന ആളെക്കുറിച്ചു സൂചന ലഭിച്ചു. നഗരത്തിലും പരിസരത്തും ഇത്തരത്തിൽ തട്ടിപ്പറിക്കൽ സംഘത്തിൽപെട്ട ആളാണെന്നു പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കാസർകോട് കുമ്പളം കുറ്റാലം വീട്ടിൽ അബ്ദുൽ അസീസിന്റെ ബാഗിൽ സൂക്ഷിച്ച 14,000 രൂപയുടെ അത്തർ, ഒരു മൊബൈൽ ഫോൺ, 20000 രൂപ എന്നിവയാണു പ്രതി തട്ടിപ്പറിച്ചത്. 

കാഴ്ചപരിമിതി ഉള്ളയാളാണ് അബ്ദുൽ അസീസ്. വിൽപന കഴിഞ്ഞു പോകുന്നതിനിടയിൽ റെയിൽവേ സ്റ്റേഷനും ഒയിറ്റി റോഡ് ജംക്‌ഷനും ഇടയിൽ പരിചയപ്പെട്ട പ്രതി അസീസിനു പള്ളിയിലേക്കു വഴികാണിച്ചു തരാമെന്നു പറഞ്ഞു നഗരത്തിലെ ആളില്ലാത്ത ഒരു ലോഡ്ജിനു സമീപം എത്തിച്ചു. തുടർന്നു തൊട്ടടുത്ത പള്ളിയിൽ എത്തി. മുഖം കഴുകുന്നതിനിടയിൽ ബാഗിലെ സാധനങ്ങൾ മോഷ്ടിച്ചു. 

ബാഗ് സമീപത്തെ ഹോട്ടലിൽ ഉപേക്ഷിച്ചു. ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അസീസുമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതി സഞ്ചരിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.ടവർ പരിധി പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ മാനാഞ്ചിറയ്ക്കു സമീപത്തെവിടെയോ ഉള്ളതായി കണ്ടെത്തി.

Exit mobile version