Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നു

കട്ടിപ്പാറ: കട്ടിപ്പാറയില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നു. ടൗണിലെ ഗാതഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച ബൈപ്പാസ് റോഡാണ് ഒരു മാസത്തിനകം തകര്‍ന്നത്. കട്ടിപ്പാറ കൃഷി ഭവന്‍, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള റോഡിന് കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതിയാണ് 40 ലക്ഷം രൂപ വകയിരുത്തിയത്.

സമയ ബന്ധിതമായി പ്രവൃത്തി നടത്താത്തതിനാല്‍ ഫണ്ട് ലാപ്സായി. പുതുതായി വന്ന യു ഡി എഫ് ഭരണ സമിതി വാര്‍ഡുകളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് ബൈപ്പാസ് റോഡിന് പണം അനുവദിച്ചു. ഒരു മാസം അടച്ചിട്ട റോഡ് എം കെ മുനീര്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. ഗതാഗതം ആരംഭിച്ച് ഒരു മാസത്തിനകം റോഡ് തകര്‍ന്നു.

ഇതോടെ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി നിരോധനം ഏര്‍പ്പെടുത്തി. റോഡിന്റെ പ്രവൃത്തിയിലെ അപാകത ആദ്യ ഘട്ടത്തില്‍ തന്നെ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയതാണെന്നും കരാറുകാരനെ പിന്തുണക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ഒരു മാസത്തിനകം റോഡ് തകരാനുണ്ടായ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Exit mobile version