Site icon Fourteen Kerala – 14 Kerala News

കഴിഞ്ഞ സാമ്പത്തിക വർഷം കസ്റ്റംസ് നടത്തിയത് വൻ സ്വർണവേട്ട; 200 കിലോഗ്രാം, 88 കോടി രൂപ!

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് നടത്തിയത് വൻ സ്വർണവേട്ട. 214 യാത്രക്കാരിൽനിന്നായി 87.92 കോടി രൂപയുടെ 200 കിലോഗ്രാം സ്വർണമാണു കണ്ടെടുത്തത്. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം പിടികൂടിയത് 77 കേസുകളിലായി 24.87 കോടി രൂപയുടെ 54.95 കിലോഗ്രാം സ്വർണം. ഇതിൽ 5.56  കിലോഗ്രാം സ്വർണം കടത്തി പിടിയിലായത് 7 സ്ത്രീകളാണ്.

214 കേസുകളിൽ‌ 165 യാത്രക്കാരും സ്വർണം കടത്താൻ ശ്രമിച്ചത് മിശ്രിതരൂപത്തിലായിരുന്നു. മറ്റു രീതികളിൽ കടത്താൻ ശ്രമിച്ചത് 76 പേർ.രഹസ്യവിവരം ഉപയോഗിച്ചും യാത്രക്കാരുടെ നീക്കങ്ങൾ നിരീക്ഷിച്ചുമാണ് ഇവരെ പിടികൂടിയത്.സ്വർണക്കടത്തു കൂടിയതോടെ ഈയിടെ, പിടിയിലാകുന്ന യാത്രക്കാരുടെ വിവരം പുറത്തറിയിക്കാതെയാണ് സ്വർണവുമായെത്തുന്ന മറ്റു യാത്രക്കാർക്കു വേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥർ വലവിരിച്ചത്.X

ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടും വൻ സ്വർണവേട്ടയാണു കസ്റ്റംസ് നടത്തിയത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണവും മറ്റും പരിഗണിക്കുമ്പോൾ, 250 ഉദ്യോഗസ്ഥർ വേണ്ടിടത്ത് 41 പേരാണുള്ളത്. 3 ഉയർന്ന ഉദ്യോഗസ്ഥരും 32 ഓഫിസർമാരും 6 ഹവിൽദാരുമാണ് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലുള്ളത്. 4 ബാച്ചുകളായാണു ജോലി ചെയ്യുന്നത്. ഒരു ബാച്ചിൽ 8 അല്ലെങ്കിൽ 9 ഓഫിസർമാർ മാത്രം.

യാത്രക്കാരെ നിരീക്ഷിക്കൽ, സംശയം തോന്നുന്നവരെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുക്കൽ തുടങ്ങിയ ജോലികളെല്ലാം ഇതിനിടെ ചെയ്യണം. വിമാനങ്ങൾ കൂട്ടത്തോടെ എത്തുമ്പോൾ കൂടുതൽ യാത്രക്കാരെ നിരീക്ഷിക്കേണ്ടിവരും. ‌കസ്റ്റംസ് നേരിടുന്ന ഇത്തരം പ്രതിസന്ധികളാണു സ്വർണക്കടത്തുകാർ പഴുതായി ഉപയോഗിക്കുന്നത്. 3 മാസത്തിനിടെ സ്വർണവുമായി വിമാനത്താവളത്തിനു പുറത്തെത്തിയ 15 യാത്രക്കാരെ പൊലീസും പിടികൂടിയിരുന്നു.

Exit mobile version