Site icon Fourteen Kerala – 14 Kerala News

ലൗ ജിഹാദ് യാഥാർത്ഥ്യം, കേരളത്തിലുണ്ട്; ഷെജിന്റേത് പ്രണയ വിവാഹം, പരിശോധിക്കും: സിപിഎം നേതാവ് ജോർജ് എം തോമസ്

കോഴിക്കോട്: ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജോയ്സ്ന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

കോഴിക്കോട് കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹം നാട്ടിൽ മതമൈത്രിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ജോർജ് എം തോമസ് പക്ഷെ, ഇവരുടെ വിവാഹം ലൗ ജിഹാദാണെന്ന് പറഞ്ഞിട്ടില്ല.

Exit mobile version