Site icon Fourteen Kerala – 14 Kerala News

തുരങ്കപാത,നികത്തേണ്ടി വരുന്ന കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളുമെത്ര? പാരിസ്ഥിതിക പഠനത്തിൽ അവ്യക്തത

കോഴിക്കോട്: പാരിസ്ഥിത ആഘാതം സംബന്ധിച്ച അവ്യക്തതയാണ് സില്‍വര്‍ലൈന്‍ പദ്ധതിപ്രദേശത്തെ സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുന്ന പ്രശ്നങ്ങളിലൊന്ന്. തുരങ്ക പാത എവിടെയെല്ലാമെന്നോ കൃഷിയിടങ്ങളും തണ്ണീര്‍തടങ്ങള്‍ എത്രമാത്രം നികത്തേണ്ടി വരുമെന്നോ ആധികാരിക കണക്കുകളൊന്നും പുറത്ത് വന്നിട്ടില്ല. ഡി പി ആറില്‍ പറയുന്ന വിവരങ്ങളാകട്ടെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമല്ല. അതേസമയം, തുരങ്കപാത അടക്കമുളള കാര്യങ്ങളില്‍ സി പി എം നേതാക്കള്‍ സ്വന്തം നിലയില്‍ വിശദീകരണം തുടരുകയാണ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സിസ്ട്ര തയ്യാറാക്കിയ ഡി പി ആർ പ്രകാരം ആകെ 11.528 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്ക പാത നിര്‍മിക്കേണ്ടത്. ഇതില്‍ ഏറ്റവും നീളത്തിലുളള തുരങ്കത്തെക്കുറിച്ചാണ് കോടിയേരിയുടെ ഈ ഉറപ്പ്. തിരക്കേറിയ നഗരത്തിലൂടെ മാത്രമല്ല, കല്ലായി പുഴയുടെ അടിത്തട്ടിൽ നിന്ന് 22 അടി താഴെ കൂടിയും പാത കടന്നുപോകുമെന്നും കെ റെയില്‍ വക്താക്കള്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

ഡി പി ആറില്‍ ഈ ഭാഗത്തെ ടണല്‍ നിര്‍മാണം സംബന്ധിച്ച് പറയുന്നത് ഇങ്ങനെ. ചെറുദൂരത്തിലുളള ടണലുകള്‍ നിര്‍മിക്കാന്‍ NATM അഥവാ ന്യൂ ഓസ്ട്രേലിയന്‍ ടണലിംഗ് മെത്തേഡ് ആണ് അനുയോജ്യം. എന്നാല്‍ കോഴിക്കോട്ടെ ടണല്‍ ദൈര്‍ഘ്യമേറിയതും പുഴയുടെയും നഗരത്തിന്‍റെയും അടിയിലൂടെ കടന്ന് പോകുന്നതും ആയതിനാല്‍ TBM അഥവാ ടണല്‍ ബോറിംഗ് മെത്തേഡ് ആകും ഉത്തമം. എന്നാല്‍, മണ്ണിന്‍റെ ഘടനയെക്കുറിച്ചോ പാറ യുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രീയ പഠനം നടത്താതെ ഇക്കാര്യങ്ങളി‍ല്‍ എങ്ങനെ ഉറപ്പ് പറയാനാകുമെന്നാണ് ചോദ്യം.

കണ്ണൂര്‍ ജില്ലയിലെ മാടായി പാറ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കുന്നുകള്‍ക്കടിയിലൂടെ കട്ട് ആന്‍റ് കവറിംഗ് രീതിയില്‍ തുരങ്കപാത നിര്‍ദ്ദശിച്ചിട്ടുണ്ട്. ചൈനാ ക്ളേ ഖനനം നടത്തിയിരുന്ന പ്രദേശമാണ് മാടായി പാറയുടെ പരിസരം. ആകാശ സര്‍വേ നടത്തി തയ്യാറാക്കിയ ഡിപിആര്‍ വച്ച് ഇവിടുത്തെ പരിസ്ഥിതി ആഘാതം എങ്ങനെ തിട്ടപ്പെടുത്താനാകുമെന്നതാണ് പ്രശ്നം. നിലവില്‍ ഡി പി ആര്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ തുരങ്കപാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയാല്‍ ബദല്‍ എന്തെന്നോ പദ്ധതി ചെലവ് എത്രത്തോളം ഉയരുമെന്നോ പദ്ധതിയുടെ വക്താക്കളാരും വിശദീകരിക്കുന്നുമില്ല.

Exit mobile version