Site icon Fourteen Kerala – 14 Kerala News

2 ദിവസത്തെ പണിമുടക്ക് കഴിഞ്ഞപ്പോൾ പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ

കോഴിക്കോട്: 2 ദിവസത്തെ പണിമുടക്ക് കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയ ഇന്നലെ ജില്ലയിലെ പെട്രോൾ പമ്പുകൾക്കു മുന്നിൽ നീണ്ട ക്യൂ. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഒന്നര മണിക്കൂറോളം കാത്തു നിന്നവരുണ്ട്. ഒട്ടേറെ പമ്പുകൾ ഇന്ധനം സ്റ്റോക്ക് ഇല്ലാത്തതിനാൽ അടച്ചിടുകയും ചെയ്തു. പണിമുടക്ക് ദിവസങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കാതിരുന്നവർ കൂട്ടത്തോടെ ഇന്നലെ എത്തിയതും ജില്ലയിലെ പമ്പുകളിൽ ആവശ്യത്തിനു ഇന്ധനം ഇല്ലാതിരുന്നതുമാണ് തിരക്കിനു കാരണമായത്.കമ്പനികൾ ഇന്ധനം പമ്പുകളിൽ എത്തിക്കുന്നില്ലെന്നു ഡീലർമാർ പരാതിപ്പെടുന്നു. 

ഇന്ത്യൻ ഓയിൽ കമ്പനി മാത്രമാണ് കൃത്യമായി ഇന്ധനം എത്തിച്ചത്. പണിമുടക്കിനു മുൻപുള്ള ദിവസമായ ഞായറാഴ്ച ചില കമ്പനികൾ ജില്ലയിൽ ഇന്ധനം എത്തിച്ചതേയില്ല. ഇതാണ് വലിയ ക്ഷാമത്തിനു കാരണമായത്.

സാധാരണ മാസാവസാനം ആകുമ്പോഴേക്കും ലോഡ് ഇറക്കാനായി കമ്പനികൾ ഡീലർമാരുടെ മുകളിൽ സമ്മർദം ചെലുത്താറുണ്ടായിരുന്നു. കാശ് വാങ്ങാതെ ഡീലർമാർക്കു ക്രെഡിറ്റ് കൊടുത്തും ലോഡ് ഇറക്കാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഈ മാസം അത്തരം നീക്കമൊന്നും കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായില്ല. ആവശ്യപ്പെടുന്ന സമയത്ത് ഇന്ധനം എത്തിക്കുന്നില്ല. 

മുൻകൂർ പൈസ വാങ്ങാതെ ഇന്ധനം കൊടുക്കുന്നുമില്ല.വില ഓരോ ദിവസവും വർധിക്കുന്നതിനാൽ ഇന്ധനം പിടിച്ചുവച്ച് വൻലാഭം ഉണ്ടാക്കുകയാണ് കമ്പനികളുടെ ലക്ഷ്യമെന്നു ഡീലർമാർ ആരോപിക്കുന്നു. ഇതുകാരണം കൃത്രിമ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ഇന്നലെ പെട്രോളിന് ലീറ്ററിന് 110 രൂപയായിരുന്നു ജില്ലയിലെ വില. എറണാകുളത്ത് നിന്ന് ഇന്ധനം കൃത്യമായി എത്തിയാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമാകൂ എന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.പി.അശോകൻ പറയുന്നു.

Exit mobile version