Site icon Fourteen Kerala – 14 Kerala News

ഓമശ്ശേരി വേനപ്പാറ-കൊല്ലപ്പടി റോഡ് ടാറിങ് പണിതീർന്ന് മൂന്നാംനാൾ പൊളിഞ്ഞു_നാട്ടുകാർ റോഡുപണി തടഞ്ഞു

ഓമശ്ശേരി : പണിതീർന്ന് മൂന്നാംനാൾ റോഡിന്റെ ടാറിളകി. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ അഞ്ചാംവാർഡിലെ വേനപ്പാറ-കൊല്ലപ്പടി റോഡ് ടാറിങ്ങാണ് പൊളിഞ്ഞത്. ഇതോടെ നാട്ടുകാർ റോഡുപണി തടഞ്ഞു. ജില്ലാപഞ്ചായത്തിൽനിന്ന് അനുവദിച്ച പതിനേഴുലക്ഷംരൂപ മുടക്കിയാണ് ഇവിടെ ടാറിങ് ജോലികൾ തുടങ്ങിയത്. എസ്റ്റിമേറ്റിൽ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ആവശ്യത്തിന് ടാറും മെറ്റലും ചേർക്കാതെയാണ് ഇവിടെ ടാറിങ് നടത്തിയത്.

കാൽനടയാത്രക്കാർ സഞ്ചരിക്കുമ്പോൾ തന്നെ റോഡിന്റെ വശങ്ങൾ ഇടിയാൻ തുടങ്ങി. സാധാരണ, ടാറുംമെറ്റലും യന്ത്രസഹായത്തോടെ കുഴച്ചാണ് റോഡിലിടാറുള്ളത്. എന്നാൽ ഇവിടെ ആദ്യം മെറ്റൽവിരിച്ച് മുകളിൽ ടാർ ഒഴിച്ചതാണെന്നും നാട്ടുകാർ ആരോപിക്കുന്നു. സാമ്പത്തികവർഷം അവസാനിക്കുംമുമ്പ്‌ പണിതീർക്കാനുള്ള തിടുക്കത്തിലാണ് കരാറുകാരെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സി.പി.എം. കൂടത്തായി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

പരാതിയെത്തുടർന്ന് ഓമശ്ശേരി അസിസ്റ്റന്റ്‌ എൻജിനിയറും അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ് എൻജിനിയറും സംഭവസ്ഥലം സന്ദർശിച്ച് തുടർപ്രവർത്തങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.

Exit mobile version