Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് മൊബൈൽ കടയിൽ ഫോൺ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഗരത്തിലെ മൊബൈൽ കടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായിട്ടാണ് കടയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. നന്നാക്കാൻ എത്തിച്ച മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ജീവനക്കാരന്റെ തല മുടിയിലേക്ക് തീപടർന്നെങ്കിലും വൻ അപകടം സംഭവിച്ചില്ല.

കോട്ടയം കോഴിച്ചന്ത റോഡിൽ എസ് എൻ മൊബൈൽ ഷോപ്പിലാണ് നന്നാക്കാൻ കൊണ്ടുവന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മൊബൈൽ ഫോണിൽ ചാർജ് നിൽക്കുന്നില്ല എന്ന് പറഞ്ഞാണ് അതിഥി തൊഴിലാളിയായ യുവാവ് മൊബൈൽ കടയിലെത്തിയത്. തുടർന്ന് അറ്റകുറ്റപ്പണിക്കായി മൊബൈൽ ഫോൺ കൈമാറി. അതിനിടെ ബാറ്ററി ഊരി മാറ്റുകയും ചെയ്തു. അതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു തൊഴിലാളി ഈ ബാറ്ററിയിൽ അമർത്തി. ഈ സമയമാണ് വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത്. വലിയ രീതിയിൽ തീ ഉയർന്നുവരികയും ചെയ്തു. മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അപകടം ഉണ്ടായെങ്കിലും ആർക്കും സംഭവത്തിൽ പരിക്കില്ല.

Exit mobile version