Site icon Fourteen Kerala – 14 Kerala News

ബക്കറ്റൊഴിവാക്കി, മുസ്ലിംലീഗ് ഫണ്ട് പിരിവ് ഇനി ഡിജിറ്റലായി മാത്രം

കോഴിക്കോട്: ഫണ്ട് പിരിവില്‍ ആധുനികമാകാനൊരുങ്ങി മുസ്ലിം ലീഗ്. ഇനി പാര്‍ട്ടി ഫണ്ട് പിരിവ് ഡിജിറ്റലായി മാത്രമേ നടത്തൂവെന്ന് പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മാത്രമേ ഫണ്ട് പിരിക്കൂ. ശേഷം രസീത് നല്‍കും. ഒറ്റ അക്കൗണ്ടില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് മലപ്പുറം ജില്ലാ ഓഫീസില്‍ പ്രത്യേക സൗകര്യമൊരുക്കും. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച ഫണ്ട് പിരിവ് വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ തീരുമാനം.

പാര്‍ട്ടിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിപുലമായ ഫണ്ട് പിരിവിനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗ തീരുമാനിച്ചു. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കുകയാണ് ലക്ഷ്യം. റമദാന്‍ മാസത്തിലാണ് സാധാരണയായി ലീഗ് ഫണ്ട് പിരിവ് നടത്തുക. പൊതുജന ഫണ്ട് ശേഖരണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പിരിവും രണ്ടായാണ് നടത്താറുള്ളത്. എല്ലാ വീടുകളിലും കയറി ഫണ്ട് ശേഖരിക്കാനാണ് തീരുമാനം.

ഫണ്ട് പിരിവിനായി ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് ഈ മാസം 25നകം പദ്ധതി തയ്യാറാക്കും. പ്രവര്‍ത്തക സമിതി യോഗം നടക്കുന്നതിനിടെ ചന്ദ്രികയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആനുകൂല്യം ആവശ്യപ്പെട്ട് ധര്‍ണ നടത്തിയിരുന്നു.

Exit mobile version