Site icon Fourteen Kerala – 14 Kerala News

ഐഎന്‍എല്‍ പിളര്‍പ്പ് പൂര്‍ണ്ണം; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മാസങ്ങളായി നീണ്ടുനിന്ന അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഐഎന്‍എല്‍ പിളര്‍പ്പ് പൂര്‍ണ്ണമായി. എ പി അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ പി അബ്ദുള്‍ വഹാബായിരിക്കും പ്രസിഡന്‍റ്. നാസർകോയാ തങ്ങൾ ജനറല്‍ സെക്രട്ടറിയും ട്രഷറർ വഹാബ് ഹാജിയുമാരിക്കും. പുതിയ സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കാന്‍ എ പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ഇന്ന് തീരുമാനിച്ചിരുന്നു. കോഴിക്കോട് ചേരുന്ന യോഗത്തിലാണ് പുതിയ കൗണ്‍സില്‍ രൂപീകരണ ചര്‍ച്ച നടന്നത്. 

യോഗത്തില്‍ നിലിവില്‍ ഉണ്ടായിരുന്ന കൗണ്‍സിലിലെ 120 അംഗങ്ങളില്‍ 75 പേര്‍ പങ്കെടുത്തു. പോഷക സംഘടന ഭാരവാഹികളായ 22 പേരും യോഗത്തില്‍ പങ്കെടുത്തതായി നേതാക്കള്‍ പറഞ്ഞു. അംഗത്വ വിതരണം ഉടന്‍ പൂര്‍ത്തിയാക്കി സംഘടന ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എ പി അബ്ദുള്‍ വഹാബ് അറിയിച്ചു. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് ഇന്നലെ കോഴിക്കോട് ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എ പി അബ്ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം. ഇതെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ ദേശീയ നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് ശക്തി തെളിയിക്കാന്‍ എ പി അബ്ദുള്‍ വഹാബ് യോഗം വിളിച്ചത്.

സംസ്ഥാന കൗൺസിലും എക്സിക്യൂട്ടീവും പിരിച്ചു വിട്ട ദേശീയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അബ്ദുൾ വഹാബ്. ഇപ്പോള്‍ ദേശീയ നേതൃത്വം എന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദേശീയ നേതൃത്വമല്ലെന്നാണ് എ പി അബ്ദുള്‍ വഹാബ് വിശദീകരിക്കുന്നത്. ഇവര്‍ക്ക് സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ പാര്‍ട്ടി ഭരണഘടന പ്രകാരം അധികാരമില്ലെന്നും അദ്ദേഹം പറയുന്നു. പ്രവര്‍ത്തകരുടെ പിന്തുണ ആര്‍ക്കെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും എപി അബ്ദുള്‍ വഹാബ് ഇന്നലെ പറഞ്ഞു.

Exit mobile version