Site icon Fourteen Kerala – 14 Kerala News

കോട്ടയത്ത് റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി വീണു; ട്രെയിൻ ഗതാഗതത്തിന് ഇരട്ട പ്രഹരം

കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇലക്ട്രിക്ക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി. നിലവിൽ കോട്ടയം വഴിയുള്ള തിരുവനന്തപുരം – കൊച്ചി റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊച്ചി – തിരുവനന്തപുരം ലൈൻ കുഴപ്പമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. 

ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം – ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാൻ്റോഗ്രാഫ് പൊട്ടിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ ഇലക്ട്രിക് ലൈൻ തകർന്നു വീണു. ട്രെയിൻ അവിടെ നിന്നു, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ലൈൻ പൊട്ടിയതായി തിരിച്ചറിഞ്ഞത്. 

നിലവിലെ സാഹചര്യത്തിൽ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം പ്രശ്നം പരിഹരിക്കാനെടുക്കുമെന്നാണ് വിവരം. ഒരു ഡീസൽ എഞ്ചിൻ കൊണ്ടു വന്ന് ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റണം. ഇതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണികൾ നടത്താനാവൂ. 

കഴിഞ്ഞ ദിവസം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത് സംസ്ഥാനത്തെ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു അപകടം കൂടി. 

Exit mobile version