Site icon Fourteen Kerala – 14 Kerala News

ഉറുക്ക് കെട്ടിത്തരാമെന്ന് പറഞ്ഞ് വീട്ടിൽ കയറി പീഡനം; കോഴിക്കോട് ക്ഷേത്രപൂജാരിക്ക് 16 വർഷം കഠിനതടവും ഒന്നര ലക്ഷം പിഴയും

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാദാപുരം പോക്സോ കോടതി ശിക്ഷ വിധിച്ചു. പേരാമ്പ്ര ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരിയായ എരവട്ടൂരിലെ കുണ്ടുംകരമുക്ക് അരക്കണ്ടി സോമൻ (46) എന്ന സോമൻ പൂജാരിയെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ 16 വർഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

2023 ജൂൺ 20-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റ്യാടിക്ക് സമീപമുള്ള അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി, ഉറുക്ക് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. ഉറുക്ക് കെട്ടിയാൽ രോഗശാന്തിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുമെന്നും അതിന്റെ ഫലം ലഭിക്കണമെങ്കിൽ ശാരീരികബന്ധം അനിവാര്യമാണെന്നും പറഞ്ഞ് പ്രേരിപ്പിച്ച്, ഉറുക്കുമായി വന്ന് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അതിജീവിതയുടെ ബന്ധുക്കൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പേരാമ്പ്രയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിന്റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു.

കുറ്റ്യാടി പോലീസ് ഇൻസ്പെക്ടറായിരുന്ന ഇ.കെ. ഷിജു, എ.എസ്.ഐ സീമ വി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിബിൻ കെ, സിവിൽ പോലീസ് ഓഫീസർ സൗമ്യ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസറായ എ.എസ്.ഐ പി.എം. ഷാനി പ്രോസിക്യൂഷൻ വിങ് ഏകോപിപ്പിച്ചു.

Exit mobile version