Site icon Fourteen Kerala – 14 Kerala News

റാസല്‍ഖൈമ അപകടം: മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസൽഖൈമയിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ കണ്ണൂർ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), കാസർകോട് അറ്റങ്ങനം പാറക്കൽ വീട്ടിൽ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് (29) എന്നിവരും ആന്ധ്ര സ്വദേശിയായ വിനോദ് കുമാർ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരുമാണ് ഉൾപ്പെട്ടത്.

റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദുബൈയിൽ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത സുരേഷ് പുതിയ ജോലിയിൽ പ്രവേശിക്കാനായി ഒമാനിൽ പോയി വിസ മാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബൈയിലാണ് അവർ താമസിച്ചിരുന്നത്.

കാസർകോട് സ്വദേശി അഷ്റഫ് വർഷങ്ങളായി യു.എ.ഇയിൽ പ്രവാസം നയിച്ചുവരികയായിരുന്നു. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായി അഷ്റഫും ഹേമന്തും ഒമാനിൽ പോയതായും റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് കുഞ്ഞി-പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ് കൊളങ്ങരടി. ജമീലയാണ് ഭാര്യ. ചൊവ്വാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച ബസ് റാസൽഖൈമ അൽവതൻ റോഡിൽ സാങ്കേതിക തകരാർ മൂലം നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 13 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിവിധ എമിറേറ്റുകളിൽ നിന്നുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. അൽമുനായ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം, റാക് പൊലീസിലെ തിരച്ചിൽ-രക്ഷാപ്രവർത്തന വിഭാഗം, ഹത്ത പൊലീസ് പട്രോൾ സംഘം എന്നിവരോടൊപ്പം നാഷണൽ ആംബുലൻസ്, ദുബൈ ആംബുലൻസ്, ദുബൈ, ഖദ്റ അഗ്നിശമന സംഘം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ദുബൈ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു.

Exit mobile version