Site icon Fourteen Kerala – 14 Kerala News

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാകില്ല, മാറ്റം വരുത്തിയാലും തസ്തിക കൂടില്ല; എൽ.പി.എസ്.ടി സമരത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാകില്ലെന്നും, അനുപാതം 1:25 ആക്കി മാറ്റിയാലും അധ്യാപക തസ്തികകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ പത്തനംതിട്ടയിൽ 1:11, ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയാണ് അധ്യാപക-വിദ്യാർത്ഥി അനുപാതം. ഇതിൽ മാറ്റം വരുത്തിയാലും അധികമായി അധ്യാപകരെ നിയമിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. സമരക്കാരുടെ നാല് ആവശ്യങ്ങൾ സർക്കാർ ഇതിനോടകം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ, വിരമിക്കൽ ഒഴിവുകൾ നികത്തുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് പരിമിതികളുണ്ട്. സംരക്ഷിത അധ്യാപകരുടെ തൊഴിൽ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ സമരക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമരസമിതിയുമായി ഇനിയും ചർച്ചകൾ തുടരും. ചർച്ചയിൽ സമവായമായാൽ അംഗീകരിച്ച നാല് കാര്യങ്ങളിൽ ഉടൻ ഉത്തരവിറക്കും. സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, യഥാർത്ഥത്തിൽ ഒഴിവുകളില്ലാത്ത തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷ നടത്തുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ വിഷയം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. കൂടാതെ, എല്ലാ വകുപ്പുകളിലെയും പരീക്ഷകളും നിയമനങ്ങളും സംബന്ധിച്ച് പി.എസ്.സിയുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version