Site icon Fourteen Kerala – 14 Kerala News

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

ശബരിമല വെർച്വൽ ക്യൂവിൽ 5,000 പേരെ കൂടി അധികം ഉൾപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി. ഏജൻസികൾ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. മണ്ഡല-മകരവിളക്ക്കാല തീർത്ഥാടനത്തിന്റെ ഭാഗമായി ഈ മാസം 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ അധിക ബുക്കിങ് നടപ്പാക്കുമെന്നും, ഏജൻസികൾ കൂട്ടമായി ബുക്കിങ് നടത്തുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

അതേസമയം, ഇന്ന് വൈകുന്നേരം 4 മണി വരെ ശബരിമലയിൽ ദർശനം നടത്തിയത് 42,958 പേരാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധനയും നടന്നു. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തി. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു. ഇരുവരുടെയും അക്കൗണ്ടുകളിൽ പലരിൽ നിന്നും സംശയാസ്പദമായ പണം എത്തിയതായും കണ്ടെത്തി.

Exit mobile version