Site icon Fourteen Kerala – 14 Kerala News

ക്ഷേമ പെൻഷൻ തുക നൽകിയില്ല; 78-കാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഡാമിൽ തള്ളി കൊച്ചുമകൻ

ബെലഗാവി: ക്ഷേമ പെൻഷൻ തുക തട്ടിയെടുക്കാൻ കൊച്ചുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഡാമിൽ ഉപേക്ഷിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിലെ അരളിക്കട്ടി ഗ്രാമവാസിയായ ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് 20-കാരനായ കൊച്ചുമകൻ ഭീമപ്പ സനാദിനെയും ഇയാളുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച രണ്ടായിരം രൂപ ക്ഷേമ പെൻഷൻ തുക ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പണം ആവശ്യപ്പെട്ട് ഭീമപ്പ മുത്തശ്ശിയെ നിരന്തരം ശല്യം ചെയ്തിരുന്നു. വെള്ളി ആഭരണങ്ങൾ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് മുത്തശ്ശിയെ ബൈക്കിൽ കൊണ്ടുപോയ പ്രതി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കല്ല് നിറച്ച ചാക്കിൽക്കെട്ടി ഹിഡ്കൽ ഡാമിൽ തള്ളി. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും സ്വർണമാലയും പ്രതി കൈക്കലാക്കിയതായും പൊലീസ് അറിയിച്ചു.

Exit mobile version