Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ വീണ്ടും ഇ.ഡി റെയ്ഡ്; കാസർഗോഡ് മുതൽ പാലക്കാട് വരെ പത്തിടങ്ങളിൽ പരിശോധന തുടരുന്നു

കോഴിക്കോട്: ഫെമ ചട്ടലംഘനം, ഹവാല, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പത്തിടങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് നടക്കുന്നത്.

കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ ‘സൈനബ മൻസിൽ’ എന്ന വീട്ടിലും ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ ‘ചാപ്പ ഹൗസിലുമാണ്’ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസിലും കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെ.യുടെ (മാല കുഴിയിൽ ജൗഹർ) വീട്ടിലും കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്ടിലും പരിശോധന നടക്കുന്നു.

മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.
അനധികൃത പണമിടപാടുകളും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version