Site icon Fourteen Kerala – 14 Kerala News

പ്രണയപ്പകയിൽ സഹപ്രവർത്തകനെ കൊന്ന് ചാക്കിലാക്കി കത്തിച്ച കേസ്; വനിതാ പൊലീസുകാരി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഗുജറാത്തിലെ അരവല്ലിയിൽ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ എസ് ഐ) കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിച്ച കേസിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബർകാന്ത ജില്ലയിലെ ചിത്തോഡ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന എ എസ് ഐ അശ്വിൻഭായ് താബിയാദാണ് (45) കൊല്ലപ്പെട്ടത്.

ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ആൽഫാബെൻ കെലാസ്വയാണ് (37) മുഖ്യപ്രതി. ഇവരുടെ സഹോദരൻ കൽപേഷ്ഭായ് കെലാസ്വ (36), ബന്ധുവായ പങ്കജ്കുമാർ കെലാസ്വ (28), സുഹൃത്ത് മനോജ്കുമാർ നിനാമ (33) എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. നവംബർ 10-ന് അരവല്ലിയിലെ ഭിലോഡ ഭാഗത്ത് പൂർണ്ണമായും കത്തിനശിച്ച നിലയിൽ ഒരു കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ മനുഷ്യന്റെ അസ്ഥികൂടവും പൊലീസ് കണ്ടെടുത്തു. ഇത് അശ്വിന്റേതായിരിക്കാമെന്ന കുടുംബത്തിന്റെ സംശയത്തെത്തുടർന്ന് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നവംബർ 16-ന് അശ്വിന്റെ സഹോദരൻ സിദ്ധരാജ് താബിയാദ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അശ്വിനും ആൽഫാബെന്നും തമ്മിൽ അടുപ്പത്തിലായിരുന്നുവെങ്കിലും ഈ ബന്ധം അവസാനിപ്പിക്കാൻ ആൽഫാബെൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ബന്ധം തുടരാൻ അശ്വിൻ സമ്മർദ്ദം ചെലുത്തിയതാണ് തർക്കത്തിന് കാരണമായത്. ഇതിനെത്തുടർന്ന് നവംബർ എട്ടിന് രാത്രി അശ്വിനെ ചിത്തോഡയിലെ തന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ആൽഫാബെൻ അവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിറ്റേന്ന് രാവിലെ ആൽഫാബെൻ വിവരം അറിയിച്ചതനുസരിച്ച് സഹോദരൻ കൽപേഷും ബന്ധുവായ പങ്കജും മാരുതി ഇക്കോ വാനിൽ വീട്ടിലെത്തി. മൃതദേഹം ചാക്കിലാക്കി വീടിനുള്ളിൽ ഒളിപ്പിച്ച ശേഷം, പങ്കജ് അശ്വിന്റെ കാർ സമീപത്തെ വനമേഖലയിലേക്ക് ഓടിച്ചുപോയി. ആൽഫാബെന്നും കൽപേഷും വാനിൽ ഇവയെ പിന്തുടർന്നു.

അന്ന് രാത്രി വൈകി കൽപേഷും സുഹൃത്ത് മനോജും ചേർന്ന് വിജയ്നഗറിലെ പമ്പിൽ നിന്ന് പെട്രോൾ ശേഖരിച്ചു. പിന്നീട് മൃതദേഹം അടങ്ങിയ ചാക്ക് അശ്വിന്റെ കാറിലേക്ക് മാറ്റി ഹത്‌മതി നദിക്കരയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആൽഫാബെൻ, കൽപേഷ്, മനോജ് എന്നിവർ ചേർന്ന് മൃതദേഹത്തിലും കാറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തി. തീ ആളിപ്പടർന്നപ്പോൾ ആൽഫാബെന്നിന്റെ മുഖത്തും കൈകളിലും ശരീരത്തിലും പൊള്ളലേറ്റു. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ, രഹസ്യവിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹർസിംഗ് ജഡേജ അറിയിച്ചു. മൃതദേഹം അശ്വിന്റേത് തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിനായി അസ്ഥികൂടത്തിന്റെയും അശ്വിന്റെ പിതാവിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽഫാബെന്നിനെ ചോദ്യം ചെയ്തതിലൂടെയാണ് കേസിലെ നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ നാല് പേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച മാരുതി ഇക്കോ വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version