Site icon Fourteen Kerala – 14 Kerala News

സാമ്പത്തിക തട്ടിപ്പ് കേസ്: തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി കർശന നടപടി സ്വീകരിച്ചത്.

തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ആശുപത്രിക്കെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിനും മാധ്യമങ്ങളിൽ വാർത്ത നൽകാതിരിക്കുന്നതിനുമാണ് ഇയാൾ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്.

സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടർന്ന് ഇയാൾ ഭീഷണി തുടർന്നു. ഇതോടെ ആശുപത്രി ഉടമ പേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം പണം നൽകാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വരാൻ ഉടമ സുഹൈൽ ഷാജഹാനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്നലെ രാവിലെ 11 മണിയോടെ ആശുപത്രിയിൽ എത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ളയാളാണ് സുഹൈൽ ഷാജഹാൻ. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ ഇയാൾ, തുടർന്ന് വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ കേരളത്തിൽ എത്തിച്ചത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് പുതിയ തട്ടിപ്പ് കേസിലും ഇയാൾ പിടിയിലായിരിക്കുന്നത്.

Exit mobile version