Site icon Fourteen Kerala – 14 Kerala News

ഓട്ടോ യാത്രയ്ക്കിടെ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദദം പുറത്തു കേൾപ്പിച്ചു, മൊകേരി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മൊകേരി മുത്താറിപീടിക ഐ.കെ.ബി. റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി. ഇബ്രാഹിമിനെയാണ് (64) പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീറും സംഘവും പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ചാണ് പ്രതി പിടിയിലായത്.

വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ കയറിയത്. യാത്രയ്ക്കിടയിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച പ്രതി, ബ്ലൂടൂത്ത് സ്പീക്കറിലൂടെ ഇതിന്റെ ശബ്ദവും പുറത്തു കേൾപ്പിക്കുകയായിരുന്നു. യാത്രാമധ്യേ ഓട്ടോയിൽ നിന്നിറങ്ങിയ കുട്ടികൾ തൊട്ടടുത്തുള്ള വ്യാപാരിയോട് വിവരം പറയുകയും, തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്, വ്യക്തത കുറവായിരുന്ന ഓട്ടോറിക്ഷ പോലീസ് ഏറെ പരിശ്രമിച്ചാണ് തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനും സാധിച്ചു. ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പാനൂർ എസ്.ഐ. മുഹമ്മദ് സജീറിന്റെ നേതൃത്വത്തിൽ എസ്.ഐ. റജിലേഷ്, സി.പി.ഒ. ഷംസീർ, ഡ്രൈവർ ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version