Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജപ്തി നടപടികൾ നിർത്തിവെക്കും; ബാക്കി വായ്പാ തുക എഴുതിത്തള്ളാൻ ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

കോഴിക്കോട് : പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതർ അറിയിച്ചു. ബാക്കി വായ്പാ തുക എഴുതി തള്ളാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്നും ബാങ്ക് വ്യക്തമാക്കി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിർണ്ണായക തീരുമാനം ഉണ്ടായത്.

ഡയറക്ടര്‍ ബോര്‍ഡിനെ വിഷയം ധരിപ്പിക്കുമെന്നും, ഇതുസംബന്ധിച്ച ഹെഡ് ഓഫീസില്‍ നിന്നുള്ള അന്തിമ തീരുമാനം ഡിസംബര്‍ 15ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജര്‍ ഉറപ്പുനല്‍കി. അതേസമയം, ചര്‍ച്ചയ്ക്ക് ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്ന് ആരും എത്താതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫാത്തിമ തഹ്‌ലിയ അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബാങ്കിന്റെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയാണെന്നും കവിതയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയെന്നും വൈകിട്ട് നാല് മണിക്ക് സംസ്‌കാരം നടക്കുമെന്നും എം.എൽ.എമാർ അറിയിച്ചു. നേരത്തെ, വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കൂത്താളി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി എത്തിയപ്പോള്‍ വീടിന് പുറകിലെ പഴയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നും, ഈ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം കവിതയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2018-ൽ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്നാണ് കവിതയും ഭര്‍ത്താവ് ബാബുവും ഭവനനിര്‍മാണ ആവശ്യത്തിനായി വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പലിശയും പിഴപ്പലിശയും ചേർത്ത് തിരിച്ചടവ് തുക 50 ലക്ഷം രൂപയായി ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം നവംബര്‍ 13ന് രാവിലെ 11 മണിയോടെ ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ കൂത്താളിയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്.

Exit mobile version