മുംബൈ: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെ വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടർ ജീവനക്കാരിയായ വർഷ തുർക്കർ (35) ആണ് മരിച്ചത്. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്ക് സമീപം ഗോണ്ടിയ ജില്ലയിലെ ബോണ്ട്രാനി വനമേഖലയിലാണ് യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗർവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദീപാവലി ആഘോഷങ്ങൾക്കായി മകൾക്കൊപ്പം നാട്ടിലെത്തിയതായിരുന്നു വർഷ. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വർഷ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വീട്ടിൽ നിന്ന് പുറപ്പെട്ടത്.
കുറച്ചുസമയത്തിന് ശേഷം വർഷയ്ക്ക് അപകടം സംഭവിച്ചതായി നിതേഷ് തന്നെയാണ് കുടുംബാംഗങ്ങളെ വിളിച്ച് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ വർഷയെ വനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വർഷയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം തങ്ങളെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് നിതേഷ് പൊലീസിന് നൽകിയ മൊഴി. എന്നാൽ, ആക്രമണം നടന്നുവെന്ന് പറയുന്ന സാഹചര്യത്തിലും നിതേഷിന് പരിക്കുകളൊന്നും ഏൽക്കാത്തതിനാൽ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ നിതേഷ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
