Site icon Fourteen Kerala – 14 Kerala News

ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് ജയിലിൽ നിന്നും പുറത്തിറങ്ങി

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി.

ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാഫിയുടെ പരോൾ അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ പുറത്തിറങ്ങിയിരുന്നു.

നേരത്തെ ഒന്നാം പ്രതി എം.സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 20 ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. രജീഷ് അടക്കമുള്ള മറ്റ് പ്രതികൾക്കും പരോൾ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വലിയ വിമർശനം ഉയർന്നിരുന്നെങ്കിലും ചട്ടപ്രകാരമുള്ള നടപടിയാണിതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. ടി.പി വധക്കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും നിരന്തരം പരോൾ ലഭിക്കുന്നത് പരിശോധിക്കപ്പെടണമെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ അപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

2012 മെയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വെച്ച് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും, ടി.പിയുടെ ഭാര്യ കെ.കെ രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് വിജയിച്ചത് അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

Exit mobile version