Site icon Fourteen Kerala – 14 Kerala News

സുഹൈൽ അകത്തു തന്നെ കിടക്കണം; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്: മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന മിനി കൂപ്പർ വാഹനാപകട കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അതേസമയം, ഒന്നാം പ്രതിയായ സുഹൈൽ സജീവിന് പത്ത് ദിവസത്തിനു ശേഷം ജാമ്യം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പ്രതികൾ ഒരു മാസമായി റിമാൻഡിലാണെന്നും, എല്ലാ തെളിവുകളും ഇതിനോടകം ശേഖരിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി. എന്നാൽ, തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പത്ത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

മറുവശത്ത്, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് സുഹൈൽ സജീവാണെന്നും മിനി കൂപ്പർ അമിത വേഗതയിലായിരുന്നുവെന്നും നേരത്തെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധന പ്രകാരം, അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വരെ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററും, കൂട്ടിയിടിച്ച സമയത്ത് 144 കിലോമീറ്ററുമായിരുന്നു. കൂടാതെ, അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് ഉപയോഗിച്ചതെന്നും വാഹനത്തിന്റെ ‘അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ’ നിന്ന് വ്യക്തമായിരുന്നു.

Exit mobile version