Site icon Fourteen Kerala – 14 Kerala News

ജോലിക്ക് പോകുന്നതിനിടെ ദുരന്തം: കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: കാടാച്ചിറ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനും കണ്ണൂർ പിള്ളയാർ കോവിൽ ജീവനക്കാരനുമായ മാവിലായി മുണ്ടയോട് ശ്രേയസിൽ പി സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

കണ്ണൂരിലെ ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സരസനെ, അതേദിശയിൽ പിന്നാലെയെത്തിയ ‘നബീൽ’ എന്ന സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അനിഷ. മകൾ: നന്ദന (വിദ്യാർത്ഥിനി).

Exit mobile version