Site icon Fourteen Kerala – 14 Kerala News

മദ്യപാനം വിലക്കിയതിലെ വൈരാഗ്യം’; മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്, കുപ്രസിദ്ധ ഗുണ്ട ‘തോക്ക് ഷാജി’ പിടിയിൽ

തിരുവനന്തപുരം: മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന മൈലക്കര സ്വർണക്കോട് ഷാജിഭവനിൽ ഷാജിയാണ് (41) അറസ്റ്റിലായത്.

രണ്ട് മാസമായി കാട്ടാക്കടയ്ക്ക് സമീപം ഒന്നിച്ച് താമസിച്ചിരുന്ന കള്ളിക്കാട് മൈലക്കര സ്വദേശി നിഷയെ (42) ആണ് ഷാജി മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. ഇടവച്ചാലിൽ ഒരു വീട്ടിൽ ഷാജിയും നിഷയും ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിയുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന നിഷയെ ഷാജി ചുവരിനോട് ചേർത്തുനിർത്തി മർദ്ദിക്കുകയും,തല സിറ്റൗട്ടിൽ ഇടിപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിഷയുടെ തലയുടെ പിൻഭാഗത്ത് പൊട്ടലും ആഴത്തിലുള്ള മുറിവും സംഭവിച്ചു.

ഗുരുതരമായി പരിക്കേറ്റ നിഷയെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിഷ ചികിത്സയിൽ തുടരുകയാണ്. ഷാജിയുടെ മദ്യപാനം നിഷ വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്‍റെയും ആര്യനാട് സി.ഐ സജിൻ ലൂയിസിന്‍റെയും നേതൃത്വത്തിൽ നെയ്യാർഡാം എസ്.ഐ ഷിജു.എസ്.എസ്,സി.പി.ഒമാരായ രാജേഷ്, അരുൺ, ഷംനാദ്, ബിനു, ദീപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, കള്ളിക്കാട്, നെയ്യാർഡാം തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലുമായി നാൽപതിലധികം കേസുകളിൽ പ്രതിയാണ് തോക്ക് ഷാജിയെന്ന് പൊലീസ് പറഞ്ഞു.

Exit mobile version