Site icon Fourteen Kerala – 14 Kerala News

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കളംമാറി; അടൂർ സ്റ്റേഷൻ അതിക്രമക്കേസിൽ നടപടി കടുപ്പിക്കുന്നു, ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കാൻ പൊലീസ്

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർക്കാൻ പൊലീസ് നീക്കം തുടങ്ങി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകുമെന്നും, കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

കണ്ടാലറിയാവുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപെടുത്ത എഫ്.ഐ.ആറിൽ ഇതുവരെ തുടർനടപടികൾ എടുത്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു. അതിനുശേഷമാണ് കേസിലെ തുടർനടപടികൾ വേഗത്തിലായത്. പ്രതികളെ തിരിച്ചറിഞ്ഞ ശേഷം നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം, സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പുറത്തെ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നും, വനിതാ പൊലീസ് ഇല്ലാത്ത സമയത്ത് മറ്റ് പോംവഴികൾ ഇല്ലായിരുന്നുവെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് വിശദീകരണം നൽകി.

Exit mobile version