കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷിന്റെ (32) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ഫയർഫോഴ്‌സ് നടന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് സുധീഷ് അവധിക്ക് നാട്ടിലെത്തിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മീൻപിടിക്കാനായി വല വീശുന്നതിനിടെ കാൽവഴുതി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പടിഞ്ഞാറുഭാഗത്തെ പുഴയിലേക്ക് സുധീഷ് വീഴുകയായിരുന്നു. റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നു. ഇതോടെ വെള്ളത്തിൽ വീണ സുധീഷ് നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേന രണ്ട് ദിവസമായി പ്രദേശത്ത് കഠിനമായ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ മാവൂർ ഫയർ യൂണിറ്റിലെ അംഗങ്ങൾ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
