കാസർകോട്: ചെറുവത്തൂർ റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച ഏഴ് അംഗസംഘം ആർ പി എഫിന്റെ പിടിയിൽ . മോഷണമുതൽ വാങ്ങിയ ആക്രകട നടത്തിപ്പുകാരനും പ്രതിയാണ്. അസം സ്വദേശികളായ മനോവർ ഹുസൈൻ (32), സോമീർ അലി (35), റസൂൽ ഇസ്ലാം (20), നൂർ അമീൻ ഇസ്ലാം (33), സോബിഖുൽ അലി ഖാൻ (21), അബ്മോവർ ഹുസൈൻ (33), ആക്രകട നടത്തുന്ന മൊഗൽ ഹുസൈൻ (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
കവർച്ചമുതൽ കൊണ്ടുപോകാനായി ഇവർ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പടന്നക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. കാടങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂർ ഭാഗത്തെ കേബിളാണ് സംഘം മുറിച്ചുകടത്തിയത്. കഴിഞ്ഞ 18-ന് സിഗ്നൽ തകരാറിലായതിനെതുടർന്ന് നടന്ന തിരച്ചിലിലാണ് കേബിൾ മോഷണം ശ്രദ്ധയിൽപെട്ടത്. ഇതേത്തുടർന്ന് പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരമാണ് അന്വേഷണസംഘം മോഷ്ടാക്കളെ പിടികൂടിയത്.
പാലക്കാട് ആർ.പി.എഫ്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.പി.ദീപക്, എസ്.ഐ. അജിത്ത് കുമാർ, എ.എസ്.ഐ. ഷീജു, കാസർകോട് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.കെ.ശശി, എ.എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയയിലായവരുമായി സംഘം ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
ചോദ്യംചെയ്യലിൽ പരിയാരത്തെ ആക്രകടയിൽ മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി വിൽപന നടത്തിയതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ആക്രകട ഉടമയെ ഉടനെ അറസ്റ്റ് ചെയ്തത്. ചെറുവത്തൂരിലെ വി വി മൻസിലെ വാടക വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.
