ജയ്പൂർ: രാജസ്ഥാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാഷണൽ ഹൈവേ 48ൽ ബാഗ്രുവിന് സമീപം ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ദുരന്തത്തിൽ കുട്ടികൾ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മിനിബസ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടൻ ട്രാവലർ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ചാടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള തീർത്ഥാടകരാണ് മിനിബസിലുണ്ടായിരുന്നത്. ഖാട്ടു ശ്യാമിൽ നിന്ന് സലാസറിലേക്ക് പോവുകയായിരുന്ന സംഘത്തിൽ കുട്ടികൾ ഉൾപ്പെടെ ആകെ 30 പേരാണ് ഉണ്ടായിരുന്നത്. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
സംഭവസ്ഥലത്തുതന്നെ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ 19 പേരിൽ ഗുരുതരമായി പരിക്കേറ്റ 7 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ സബ് ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസും ദേശീയപാത പട്രോളിംഗ് യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
