Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുലർച്ചെ 18കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച; സ്കൂട്ടറും ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

ബേപ്പൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്കൂട്ടറും മൊബൈല്‍ ഫോണും പഴ്സും പിടിച്ചുപറിച്ച പ്രതികള്‍ പിടിയിലായി. അരക്കിണര്‍ സ്വദേശി ഗ്രീന്‍ വില്ല അപ്പാര്‍ട്ട്മെന്‍റ് ചെറിയ ഒറ്റയില്‍ വീട്ടില്‍ ജംഷീല്‍ എന്ന ഇഞ്ചീല്‍ (39), പറമ്പില്‍ബസാര്‍ സ്വദേശി സനൂജ് മഹല്‍ പുറത്തോളി വീട്ടില്‍ ഷാബാസ് (18) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

വ്യാഴാഴ്ച പുലർച്ച അരക്കിണർ ന്യൂ സ്റ്റാര്‍ ഹോട്ടലിനുസമീപമുള്ള സബീന റോഡിൽ വെച്ച് പ്രതികൾ അരക്കിണര്‍ സ്വദേശിയായ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയാണ് അതിക്രമിച്ചത്.യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബേപ്പൂര്‍ പൊലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരീക്ഷണകാമറദൃശ്യങ്ങള്‍ പരിശോധിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെ മാത്തറയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പിടിയിലായ ജംഷീലിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ ഇരുവരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.ഫറോക്ക് എ.സി.പി പ്രേംജിത്തിന്റെ മേൽനോട്ടത്തിൽ ഫറോക്ക് സ്ക്വാഡ്, ബേപ്പൂര്‍ പൊലീസ്, ജില്ല പൊലീസ് സ്ക്വാഡ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Exit mobile version