കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടൻ രുചിപ്പെരുമ ഒരുക്കാൻ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയാണ്. ചിക്കനും ബീഫും പാലും പഴവും മുട്ടയുമടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് കായികതാരങ്ങൾക്കുവേണ്ടി ഒരുക്കുന്നത്. ഇത്തവണ സ്കൂൾ കായികമേളയ്ക്ക് രണ്ട് അടുക്കളകളാണ് ഒരുങ്ങുന്നത്.
വിദ്യാർഥികൾക്ക് മത്സരവേദിയിൽനിന്ന് ഭക്ഷണശാലയിലെത്തി ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ അതാതു മത്സരവേദികളിൽ ഭക്ഷണം എത്തിക്കും. അതാതിടത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ചാത്തമംഗലം പന്ത്രണ്ടിലെ എൻഐടിയുടെ പുതിയ സ്പോർട്സ് അരീനയിലാണ് പ്രധാന അടുക്കളയും ഭക്ഷണപ്പുരയും ഒരുക്കിയിരിക്കുന്നത്. കൊടിയത്തൂർ പിടിഎം എച്ച്എസ്എസ്സിലാണ് രണ്ടാമത്തെ പാചകശാല. എൻഐടി മൈതാനത്ത് 12000 ചതുരശ്ര അടിയുള്ള പ്രധാന പാചകശാലയാണ് നിർമിക്കുന്നത്.
കലവറയും പാചകപ്പുരയുമടക്കമാണ് ഇത്. ഭക്ഷണശാലയിൽ ഒരുനേരം ശരാശരി 15000 പേരെയാണ് പ്രതീക്ഷിക്കുന്നത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിങ്ങനെയാണ് ഭക്ഷണക്രമം. ഇടനേരങ്ങളിൽ സംഘാടകർക്കും റഫറിമാർക്കുമടക്കം ചായയും ചെറുകടികളും എത്തിക്കും.കായികതാരങ്ങൾക്ക് രാവിലെ ഭക്ഷണത്തിനൊപ്പം പാലും മുട്ടയും രാത്രി ഭക്ഷണത്തിനൊപ്പം കട്ട് ഫ്രൂട്സും നൽകുന്നതാണ് പതിവ്. ഇത്തവണയും ക്രമമനുസരിച്ചായിരിക്കും ഭക്ഷണം. പി.കെ.അരവിന്ദൻ അധ്യക്ഷനായുള്ള ഭക്ഷണ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. ആകെ 10 വേദികളിലാണ് മത്സരം.
ഭക്ഷണശാലകളുള്ള എൻഐടിയും കൊടിയത്തൂർ പിടിഎമ്മുമൊഴികെയുള്ള 8 വേദികളിലേക്ക് എൻഐടിയിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം എത്തിക്കും. ഇതിനായി പ്രത്യേകം വാഹനങ്ങളും തയാറാക്കിയിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു. പാചകശാലകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. എൻഐടിയിടെ ഭക്ഷണശാലയിൽ തട്ടടിക്കുന്ന ജോലികളാണ് തിങ്കളാഴ്ച നടന്നത്.ഭക്ഷണശാലകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദു പഴയിടവും അടങ്ങുന്ന സംഘം എൻഐടി മൈതാനത്ത് എത്തി. തുടർന്ന് മെഡിക്കൽ കോളജ് ക്യാംപസ് എച്ച്എസ്എസ്സിൽ ജില്ലാ കായികമേളയുടെ ഭക്ഷണശാലയിലെത്തി ഉച്ചഭക്ഷണവും കഴിച്ചാണ് പഴയിടം മടങ്ങിയത്. രണ്ടു വർഷം മുൻപ് കോഴിക്കോട്ടുനടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും പഴയിടമാണ് ഭക്ഷണമൊരുക്കിയത്.
ചിക്കനും ബീഫും പാലും പഴവും മുട്ടയും, ഇടയക്ക് ചായയും കടികളും; 12000 ചതുരശ്ര അടിയുള്ള പാചകശാല: സ്കൂൾ കായികമേളയ്ക്കു പഴയിടം രുചി
