Site icon Fourteen Kerala – 14 Kerala News

എൻജിനും ബാറ്ററിയും ഊരിമാറ്റി വിൽപ്പന, കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ; ജാമ്യത്തിലിറങ്ങി മുങ്ങിനടന്നത് ഒന്നര മാസമായി

പത്തനംതിട്ട: നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുറിച്ചി സ്വദേശി ‘മൊട്ട ബിനു’ എന്ന ബിനുവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസം മുൻപ് കുറിച്ചിയിലെ വീടുകളിൽ നിന്ന് അഞ്ച് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്ന ഇയാളെ ഞായറാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക തിരച്ചിലിലാണ് പ്രതി പിടിയിലായത്.

അടൂർ ആതിരമല ഭാഗത്ത് വെച്ച് പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. നേരത്തെ ആറൻമുളയിൽ വെച്ചും സമാനമായ രീതിയിലാണ് ഇയാളെ പോലീസ് പിടികൂടിയിട്ടുള്ളത്. മോഷ്ടിക്കുന്ന വാഹനങ്ങളുടെ ബാറ്ററിയും എൻജിനും മറ്റ് പ്രധാന സ്പെയർ പാർട്സുകളും അഴിച്ചുമാറ്റി വിൽക്കുന്നതാണ് ഇയാളുടെ പതിവ് രീതി.

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. അർഷാദ്, സി.ഐ. ഡോളി എന്നിവരുടെ നിർദ്ദേശപ്രകാരം ചിങ്ങവനം എസ്.എച്ച്.ഒ. അജ്മൽ ഷായുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version